
അഴിമതിക്കും ധിക്കാരത്തിനുമെതിരെ കേരളത്തിലെ ജനങ്ങൾ നൽകിയ ശക്തമായ മറുപടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യുഡിഎഫിന്റെ കൂട്ടായ പ്രവർത്തനവും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടികളും വിജയത്തിൽ നിർണായകമായെന്നും, യഥാർഥ കമ്യൂണിസ്റ്റുകാർ പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തെ എൽഡിഎഫ് ദുർഭരണത്തിന് അന്ത്യം കുറിച്ച ഈ വിജയത്തെ ‘യഥാർഥ കേരള സ്റ്റോറി’ എന്നാണ് വേണുഗോപാൽ വിശേഷിപ്പിച്ചത്.
യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് കൂടിയാലോചനകളിലൂടെ ഉടൻ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് പ്രയാസമില്ലെന്നും പാർട്ടിക്ക് അതിനായി വ്യവസ്ഥാപിത മാർഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതൃത്വം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും അംഗീകരിക്കുമെന്നും, 13-ാം വയസ്സിൽ പൊതുപ്രവർത്തനം തുടങ്ങിയ താൻ എന്നും പാർട്ടി തീരുമാനങ്ങൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും കെ സി വേണുഗോപാൽ തിരുവനന്തപുരത്ത് പറഞ്ഞു.
UDF Victory is the Real Kerala Story; Congress Leadership to Decide CM Candidate Soon Says KC Venugopal















