
തിരുവനന്തപുരം: കറുത്ത കാറില്‍ യാത്ര ചെയ്യില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. നിലവിലെ സാഹചര്യത്തില്‍ പുതിയ കാര്‍ വാങ്ങുന്നത് തെറ്റായ സന്ദേശം നല്‍കും. അതിനാലാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ വാഹനം ഏതാണ് അതാണ് ഉപയോഗിക്കുകയെന്നും, 10,000 കിലോമീറ്റര്‍ ഓടിയതോ ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയതോ ആയ വാഹനമെങ്കിലുമത് സ്വീകരിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
താന്‍ അത്യന്തം ലാളിത്യജീവിതം നയിക്കുന്നയാളാണെന്ന് അവകാശപ്പെടുന്നില്ലെന്നും, എന്നാല്‍ അനാവശ്യ ആഡംബരം ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ കോണ്‍വോയ് സംവിധാനം ഉണ്ടാകില്ല. എസ്കോര്‍ട്ട് വേണ്ടെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് സമ്മതിച്ചില്ല. മൂന്ന് വാഹനങ്ങള്‍ക്ക് മുകളില്‍ വേണ്ടെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നവരെ വിമര്‍ശിക്കില്ലെന്നും, മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ കേന്ദ്ര ഏജന്‍സികളും ഉള്‍പ്പെടെ വിലയിരുത്തുന്ന വിഷയമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ലോക് ഭവനിലെത്തി മന്ത്രിസഭാ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. 20 അംഗ മന്ത്രിസഭയുടെ പട്ടികയാണ് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോന്‍സ് ജോസഫ്, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, അബ്ദുല്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, എം ലിജു എന്നിവരുടെ പേരുകളാണ് മന്ത്രിസഭാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വകുപ്പുകളിലെ അന്തിമ ധാരണയായിട്ടുണ്ടെന്നും, അവ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.















