
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. തൃശ്ശൂരിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് പിന്നിൽ സി.പി.എം പ്രവർത്തകനാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ പ്രവർത്തകർ ലംഘിക്കുന്നു എന്ന് വരുത്തിത്തീർക്കാനാണ് ബോധപൂർവ്വമായ ശ്രമം നടക്കുന്നത്. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് ഏതെങ്കിലും കോൺഗ്രസുകാരൻ കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. തൃശ്ശൂരിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇതിന് പിന്നിലുള്ളവരെ പിടികൂടാൻ സാധിച്ചതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
അതേസമയം, മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാൻഡ് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. എല്ലാവരും ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. മിനിറ്റുകൾക്കകം പ്രഖ്യാപനമുണ്ടാകുമെന്ന് മുമ്പ് പറഞ്ഞത് കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്ന ആഗ്രഹം കൊണ്ടാണ്. ആ ആഗ്രഹം പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തെയും ഹൈക്കമാൻഡിനെയും പ്രവർത്തകർ അംഗീകരിക്കുന്നില്ലെന്ന് കാണിക്കാൻ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Chief Minister’s Post Controversy: CPM is trying to make issues, says PC Vishnunath













