വിജയാഘോഷം കഴിയും മുമ്പേ ഇടുക്കി കോൺഗ്രസിൽ കലഹം; എംപിയെ ‘മൂക്കാതെ പഴുത്തവനെന്ന്’ ആക്ഷേപിച്ച് ഡിസിസി പ്രസിഡന്‍റ്, തർക്കം പ്രതിഷേധത്തിലേക്ക്

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് സീറ്റുകളിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രവചനം യാഥാർത്ഥ്യമായെങ്കിലും, തൊട്ടുപിന്നാലെ പാർട്ടിയിൽ ഉണ്ടായ ചേരിപ്പോര് ഇടുക്കി കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയതാണ് പുതിയ തർക്കങ്ങൾക്ക് ആധാരം. തൊടുപുഴയിൽ സതീശനായി ഫ്ലെക്സ് ബോർഡുകൾ ഉയരുകയും കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ പ്രകടനം നടത്തുകയും ചെയ്തു. എന്നാൽ, പാർട്ടി അച്ചടക്കം ലംഘിച്ച് പ്രകടനത്തിൽ പങ്കെടുത്ത ഭാരവാഹികളെ കൂട്ടത്തോടെ പദവികളിൽ നിന്ന് നീക്കിക്കൊണ്ടാണ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഇതിനോട് പ്രതികരിച്ചത്. സംസ്ഥാനത്ത് ഒരിടത്തും ഉണ്ടാകാത്ത വിധം കടുത്ത അച്ചടക്ക നടപടി സ്വന്തം അണികൾക്കെതിരെ ഉണ്ടായതോടെ ജില്ലയിൽ ദീർഘകാലമായി പുകഞ്ഞുനിന്ന ഗ്രൂപ്പ് പോര് പരസ്യമായ യുദ്ധത്തിലേക്ക് വഴിമാറി.

നടപടിക്ക് ഇരയായവരെ പരസ്യമായി പിന്തുണച്ചുകൊണ്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. നേതൃത്വത്തിന്റെ നടപടി ക്രൂരമാണെന്നും വികാരം ഉൾക്കൊണ്ട് പ്രവർത്തിച്ച പ്രവർത്തകരെ തഴയരുതെന്നുമാണ് ഡീൻ പറഞ്ഞത്. ഇതിനോട് അത്യന്തം രൂക്ഷമായ ഭാഷയിലാണ് സി.പി. മാത്യു പ്രതികരിച്ചത്. ഡീൻ കുര്യാക്കോസ് ‘മൂക്കാതെ പഴുത്ത നേതാവാണെന്നും’ ഇടുക്കിയിൽ സംഘടന വളർത്താൻ എംപി ഒന്നും ചെയ്തിട്ടില്ലെന്നും മാത്യു തുറന്നടിച്ചു. ഡിസിസി പ്രസിഡന്റിന്റെ ഈ വ്യക്തിപരമായ അധിക്ഷേപത്തോട് ഡീൻ കുര്യാക്കോസ് പ്രതികരിച്ചില്ലെങ്കിലും, കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ സി.പി. മാത്യുവിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. സ്വന്തം അണികളെയും ജനപ്രതിനിധിയെയും അധിക്ഷേപിച്ച ഡിസിസി പ്രസിഡന്റ് ഉടൻ രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം.

സി.പി. മാത്യുവിന്റെ നിലപാടുകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ഇതാദ്യമായല്ല. മുൻപ് വണ്ടിപ്പെരിയാറിൽ വച്ച് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് ഭിന്നശേഷിക്കാരനെ മർദ്ദിച്ച മാത്യുവിന്റെ നടപടി വലിയ വിവാദമായിരുന്നു. കഴിഞ്ഞ വർഷം പെരുവന്താനം മണ്ഡലം പ്രസിഡന്റിനെ മാറ്റിയതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മാത്യു രാജിക്കത്ത് നൽകിയതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. സംഘടന വിരുദ്ധമായി ആര് പ്രവർത്തിച്ചാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് മാത്യു ഇപ്പോഴും ആവർത്തിക്കുന്നത്. എന്നാൽ മാത്യുവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇതിനകം തന്നെ ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. എംപിക്കെതിരായ പരാമർശം സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് പറഞ്ഞ് സി.പി. മാത്യു ന്യായീകരിക്കുമ്പോൾ, വരും ദിവസങ്ങളിൽ ഇടുക്കിയിലെ ഈ ഭിന്നത കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറുമെന്നുറപ്പാണ്.

More Stories from this section

family-dental
witywide