ഒരുമിച്ച് 15 മിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു പ്രശ്നവും ഇല്ല, ഞങ്ങൾ ഒന്ന് എന്ന് പ്രഖ്യാപിച്ച് കെസിയും വിഡിയും; ‘ലോകം മുഴുവൻ ഒന്നിച്ച് യാത്ര ചെയ്തിട്ടുള്ളവർ’

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി തനിക്ക് ഏറെക്കാലത്തെ സുദൃഢമായ ബന്ധമാണുള്ളതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോകം മുഴുവൻ ഒന്നിച്ച് യാത്ര ചെയ്തിട്ടുള്ളവരാണ് തങ്ങളെന്നും ഭരണപരവും സംഘടനാപരവുമായ എല്ലാ സുപ്രധാന തീരുമാനങ്ങളും കൃത്യമായ കൂടിയാലോചനകളോടെ മാത്രമേ കൈക്കൊള്ളുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കിടയിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്നും കോൺഗ്രസിന്റെ ഉന്നത പദവിയിലിരിക്കുന്ന കെ.സി. വേണുഗോപാലുമായി ഒരുമിച്ച് 15 മിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു പ്രശ്നവും നിലവിലില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

ദേശീയ-സംസ്ഥാന തലങ്ങളിൽ വളരെ വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ കെൽപ്പുള്ള നേതൃത്വം ഇന്ന് കോൺഗ്രസിനുണ്ട്. വരാനിരിക്കുന്ന തിങ്കളാഴ്ച മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്നത് അതിവേഗത്തിലുള്ള ചർച്ചകളുടെ ഫലമാണ്. നാളെ ഉച്ചയോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് സമർപ്പിക്കുമെന്നും കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മിന് പോലും ഇത്ര വേഗത്തിൽ കാര്യങ്ങൾ നീക്കാൻ സാധിച്ചിട്ടില്ലെന്നും സതീശൻ അവകാശപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകൾക്കും ചോദ്യങ്ങൾക്കും ഇനി യാതൊരു പ്രസക്തിയുമില്ലെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ ശരീരത്തിൽ തൊട്ടാൽ വരുന്നത് കോൺഗ്രസിന്റെ രക്തമാണെന്നും തനിക്ക് പാർട്ടി തന്നെയാണ് എല്ലാമെന്നും വേണുഗോപാൽ വികാരാധീനനായി പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക തീരുമാനത്തിനൊപ്പം അടിയുറച്ചുനിന്ന് പോരാടുക എന്നതാണ് തന്റെ ലക്ഷ്യം. കേരളത്തിലെ പുതിയ കോൺഗ്രസ് സർക്കാരിനെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന വലിയ ദൗത്യമാണ് വി.ഡി. സതീശൻ സർക്കാരിന് മുന്നിലുള്ളത്. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സർക്കാരിന് പൂർണ്ണ പിന്തുണ നൽകുക എന്ന കടമയാണ് താൻ നിർവ്വഹിക്കുകയെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

More Stories from this section

family-dental
witywide