
തിരുവനന്തപുരം: താൻ ബിജെപിയിലേക്ക് പോകുമെന്ന രീതിയിൽ നടന്ന വ്യാപക പ്രചാരണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാർ. അരുവിക്കര മണ്ഡലത്തിൽ കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നുവെങ്കിലും, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പുറത്തുവന്നത് ബിജെപി-സിപിഎം ഡീലാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബിജെപി ഇത്തവണ മണ്ഡലത്തിൽ വർധിപ്പിച്ച വോട്ട് വിഹിതം പരിശോധിച്ചാൽ അതു മനസ്സിലാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
പാർട്ടിക്കുള്ളിലെ ഒരാളാണ് താൻ ബിജെപിയിലേക്ക് പോകുമെന്ന വ്യാജപ്രചാരണം നടത്തിയതെന്നും, ആ വ്യക്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണെന്നും ശിവകുമാർ പറഞ്ഞു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മത്സരിക്കാൻ ആഗ്രഹിച്ചത് തിരുവനന്തപുരം മണ്ഡലത്തിലായിരുന്നുവെന്നും, എന്നാൽ ആ സീറ്റ് ഘടകകക്ഷിക്ക് വിട്ടുനൽകിയെന്നും അദ്ദേഹം പറഞ്ഞു. “തിരുവനന്തപുരം സീറ്റിൽ മത്സരിച്ചിരുന്നുവെങ്കിൽ വലിയ ഭൂരിപക്ഷത്തോടെ ജയിക്കാമായിരുന്നു,” എന്നും അദ്ദേഹം അവകാശപ്പെട്ടു.
അരുവിക്കരയിൽ തനിക്കെതിരെ അടിസ്ഥാനരഹിതമായ വർഗീയ പ്രചാരണം സിപിഎമ്മും ബിജെപിയും ചേർന്ന് നടത്തിയെന്നും ശിവകുമാർ ആരോപിച്ചു. ബിജെപി ശക്തമായ സ്ഥാനാർഥിയെ പോലും ഇറക്കാത്ത സാഹചര്യത്തിൽ കോൺഗ്രസ്-ബിജെപി ഡീൽ ആരോപണം എങ്ങനെ ഉയർന്നു എന്നത് സംശയാസ്പദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താൻ മുൻമന്ത്രിയെ തോൽപ്പിച്ചുവെന്ന് പറഞ്ഞ് ബിജെപി സ്ഥാനാർഥി വിവേക് ഗോപൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് ശിവകുമാർ പറഞ്ഞു. വ്യാജപ്രചാരണങ്ങളിലൂടെ തിരുവനന്തപുരത്തെ കോൺഗ്രസിന്റെ ഒരു പ്രധാന മുഖമായിരുന്ന തന്നെ രാഷ്ട്രീയമായി തകർക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.













